ഒരു മോഡേൺ മലയാളി രോദനം.
“മലയാളം ഞാൻ മറന്നു പോയോ?” – ഈ അടുത്ത കാലത്ത് എന്നെ ഏറ്റവും കുഴപ്പിച്ച, ആശങ്കപ്പെടുത്തിയ, വിഷമിപ്പിച്ച ചോദ്യം. ഡൽഹിയിൽ എത്തി ഒന്നര വർഷമായ എനിക്ക് ഒരു കൊച്ചു ഡൽഹിക്കാരിയുടെ ഛായ ഒക്കെ വന്നു തുടങ്ങി.
കെട്ടും മട്ടും ഭാവവും ഒക്കെ മാറിയല്ലോ എന്ന നാട്ടിൽ ഉള്ള ചേച്ചിമാരുടെ ചെറിയ 'കുത്തും' , കണ്ടു പഴക്കം വന്നിട്ടും ഇന്നും അത്ഭുതത്തോടെ നോക്കുന്ന പൂവാലൻ ചേട്ടന്മാരും എല്ലാം മേൽപറഞ്ഞ ഡൽഹിക്കാരിയെ ഉണർത്തി കൊണ്ടിരിക്കുകയാണ്.
ഈ രൂപമാറ്റത്തിനും ആശയരൂപീകരണത്തിനും ഇടയിൽ നഷ്ടപ്പെട്ടു പോയ ഒന്നുണ്ട് – എന്‍റെ ഭാഷ, മലയാളം. ഡൽഹി ഒരു കുഞ്ഞു മലയാളി കോളനി ആയതുകൊണ്ട് മലയാളം സംസാരിക്കുന്നതിന് കുറവൊന്നുമില്ല. അല്ലെങ്കിലും ആദ്യമായി പറഞ്ഞു തുടങ്ങിയ ഭാഷ എങ്ങനെയാ മറക്കുന്നത് അല്ലേ?
എന്നാൽ അല്ല. മലയാളം മറന്നുപോകുക എന്നത് ഒരു റിയാലിറ്റി ആണ്. സംശയം ഉണ്ടെങ്കിൽ ഞാൻ ഈ പോസ്റ്റിൽ എത്ര 'ആംഗലേയ' പദങ്ങൾ ഉപയോഗിച്ചു എന്ന് നോക്കു…
എഴുത്ത് സാരമില്ല എന്നു കരുതാം; പക്ഷെ സംസാരമോ? മലയാളം സംസാരിക്കുന്നതിന് ഇടയിൽ 'കാ - കി' ഒക്കെ ഉപയോഗിക്കുമ്പോൾ, “ഓ! അവളൊരു ഹിന്ദിക്കാരി വന്നിരിക്കുന്നു” എന്ന ഓരോ കമന്റും എന്റെ ഹൃദയത്തിലാണ് തറയ്ക്കുന്നത്.
മലയാളം, മലയാളമായി തന്നെ – മംഗ്ലീഷ് അല്ലാതെ സംസാരിക്കാൻ കഴിഞ്ഞു എന്നു തന്നെ വിചാരിക്കുക; എന്നിരുന്നാലും സംസാരഭാഷയ്ക്കു അപ്പുറം എത്ര കരുത്തുണ്ട് എന്റെ മലയാളത്തിനു? സംസാരിക്കുമ്പോൾ മലയാള വാക്കുകൾ മനസ്സിൽ വരാതെ ' പകച്ചു പോകുന്ന എന്റെ ബാല്യത്തോട്' മലയാള സാഹിത്യ ഭാഷ സ്വപ്നം കാണരുത് എന്നു പറയാനേ എനിക്കു കഴിയുള്ളു.
ഇതൊന്നും മറ്റു ഭാഷകളെ കുറച്ചു കാണിക്കുന്നത് അല്ല; മാതൃഭാഷ മറക്കുന്നതിൽ ദുഃഖമില്ലാത്തവർ ഹൃദയശൂന്യർ എന്നുമല്ല പറഞ്ഞു വരുന്നതിന്റെ അർത്ഥം. എനിക്ക് എന്റെ ഭാഷ നഷ്ടപെട്ടു എന്നു പറയുന്നത് ഒരു ദുഃഖം തന്നെയാണ്. അങ്ങനെ ഒരു ദുഃഖം വരാതിരിക്കാൻ തുടർച്ചയായ പരിശ്രമം ആവശ്യമാണ്. മാതൃഭാഷ ആണ് എന്ന ഒറ്റ കാരണത്താൽ മറ്റു ഭാഷകൾ പഠിക്കാനും മെച്ചപ്പെടുത്താനും കാണിക്കുന്ന ത്വര മലയാളത്തോട് കാണിക്കാതിരിക്കരുത്. ശുദ്ധമായി ഒരു ഭാഷ സംസാരിക്കാനും, എഴുതാനും, വായിക്കാനും കഴിയുന്നത് ഒരു സുകൃതം തന്നെയാണ്.
Indeed a thoughtful insight & self reflection.
ReplyDelete