മിടുക്കി

മിടുക്കി (smart girl) – ഏതൊരു പെൺകുട്ടിയും കേൾക്കാൻ ആഗ്രഹിക്കുന്ന പദം, കാരണം ഈ വിളി അവളുടെ പ്രയത്‌നങ്ങൾക് ചിറക് കൊടുക്കുകയാണ്; അല്ലെങ്കിൽ അങ്ങനെയാണ് സമൂഹം നമ്മെ പറഞ്ഞു പഠിപ്പിച്ചത്. അടക്കവും ഒതുക്കവും ഉള്ള കുട്ടി എന്ന വിളി ഒരു ട്രാപ് ആണെന്ന് ഏതോ സിനിമയിൽ പറഞ്ഞത് ഓർമ വരുന്നു - ശരി തന്നെ. അതോടൊപ്പം തന്നെ മൂർച്ചയുള്ള മറ്റൊരു ലേബൽ ആണു മിടുക്കി എന്നതും. അടക്കവും ഒതുക്കവുമുള്ള പെൺകുട്ടി എന്നത് ചിറകൊതുക്കി വെക്കാനുള്ള ആഹ്വാനം ആണെങ്കിൽ മിടുക്കി എന്ന പദം പലപ്പോഴും തളർന്നു പോകുമ്പോഴും ചിറക് നിവർത്തി  പറക്കാനുള്ള സമ്മർദമാണ്.

ലേബലുകളും പേരുകളും എല്ലാം നന്ന് തന്നെ, - നാം നമുക്ക് വേണ്ടി അവ തിരഞ്ഞെടുക്കുമ്പോൾ. എന്ന് സമൂഹം അതിനുള്ള നിബന്ധനകൾ കുറിക്കുന്നോ, അപ്പോൾ അതൊരു എലിപ്പത്തായം ആയിമാറുന്നു, മിടുക്ക് ഒരു കുരുക്കായി മാറുന്നു. പരീക്ഷകളുടെ ഫലം വരുമ്പോൾ ജീവനെടുക്കുന്ന പെൺ കുരുന്നുകൾ ചിലപ്പോഴെങ്കിലും, ചിറക് ഒതുക്കാൻ ഉള്ള സാവകാശം കിട്ടാത്തതിനാൽ തളർന്നു വീഴുന്നവരാണ്. ആൺകുട്ടികൾക്കും ഇത് ബാധകം തന്നെ, എങ്കിലും മിടുക്കി എന്ന ലേബൽ കാലത്തിൻറെ പരിമിതികളെ എങ്ങനെ അതിജീവിച്ചു എന്ന ചർച്ച ചെയ്യാനാണ് എനിക്ക് താല്പര്യം.

 പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് മാതാപിതാക്കൾ പണം ചിലവാകുന്നില്ല എന്നും, ഇത് ഭാരതത്തിന് ശാപമാണെന്നും കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചധികമായി. ഇന്ന് ഈ പ്രവണതക്ക് നന്നേ മാറ്റം വന്നിരിക്കുന്നു.  ഇന്ന് നമ്മുടെ പെൺകുട്ടികൾക്കായി ചിലവഴിക്കാൻ മാതാപിതാക്കളുടെ കയ്യിൽ ആവശ്യാനുസരണം പണമുണ്ട്. എന്നിരുന്നാലും ബിരുദങ്ങൾ, പലപ്പോഴും പ്രൊഫഷണൽ ബിരുദങ്ങൾ നേടി വീട്ടമ്മമാരായ ഒതുങ്ങി കൂടുന്ന സ്ത്രീകൾ നമ്മുടെ സമൂഹത്തിൽ കൂടുന്നു. വിദ്യാഭ്യാസം സ്ത്രീകൾ നേടികഴിഞ്ഞു, പക്ഷെ എന്തിനുള്ള വിദ്യാഭ്യാസം? അവിടെയും പഠിച്ചു ഒന്നാമതെത്തുന്ന പെൺകുട്ടിക്ക് മിടുക്കി എന്നുതന്നെയാണ് പേര്. പക്ഷേ ആ മിടുക്ക് പഠനത്തോടെ അവസാനിക്കണം എന്ന ചിന്തയിൽ എത്തി കാര്യങ്ങൾ. കാലത്തിന്റെ വിരോധാഭാസം! എല്ലാവരും ഇങ്ങനെ എന്നല്ല എന്നിരുന്നാലും, നാം മിടുക്കികൾ എന്ന വാഴ്ത്തുന്നവർ ഈ പദത്തിന്റെ  ഭാരത്തിൽ ഇടുങ്ങി പോകാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.

എമ്മ വാട്സൺ(Emma Watson) എന്ന ഇംഗ്ലീഷ് അഭിനേത്രി, മിടുക്കി എന്ന ലോകംമുഴുവനും അംഗീകരിച്ച വനിത.വളരെ അഭിമാനത്തോടെ താനൊരു ഫെമിനിസ്റ്റാണെന്ന് പറയുവാനും എമ്മ  മടിച്ചില്ല. പക്ഷേ പെട്ടെന്ന് ഒരു ദിവസം ഒരു മാഗസിനിൽ കവർ ചിത്രത്തിനായി താൻ  പോസ് ചെയ്തു എന്നതിന് എമ്മ  കേൾക്കാത്ത ശകാരങ്ങളും വിമർശനങ്ങളും ഇല്ല. കാരണം എന്ത്? ഒരു മിടുക്കി, അതും ഫെമിനിസ്റ്റ് എന്ന് ലോകം വാഴ്ത്തിയ ഒരു മിടുക്കി പാലിക്കേണ്ട ചില നിബന്ധനകൾ ഉണ്ടത്രേ. അങ്ങനെ മുദ്രകുത്തിയ ആരും, തങ്ങൾക്കിഷ്ടമുള്ള രീതിയിൽ വസ്ത്രം ധരിക്കുകയോ മേക്കപ്പ് ചെയ്യുകയോ പാടില്ല ;മറിച്ച് സമൂഹം അവർക്ക് വേണ്ടി നിഷ്കർഷിക്കുന്ന  ഒരു രീതിയുണ്ട്, അതിൽ മാത്രമേ നിലകൊള്ളാവൂ . ഇതിനു എമ്മ  നൽകിയ മറുപടിയുടെ ചുരുക്കം ഇതായിരുന്നു, “ഫെമിനിസവും എൻറെ വസ്ത്രധാരണവുമായി എന്താണ് ബന്ധം എന്ന് എനിക്ക് മനസ്സിലാകുന്നില്ല, ഫെമിനിസം എന്നത് ശാക്തീകരണമാണ്  അല്ലാതെ ആരെയും  അടിച്ചു താഴ്ത്തി ഇടുവാനുള്ള പുതിയൊരു ചട്ടക്കൂട് അല്ല” - സമൂഹം മനസിലാക്കേണ്ട ഒരു സത്യം.
 പുരുഷമേധാവിത്വം ആണോ അതോ സമൂഹത്തിന് പൊതുവായുള്ള കറയാണോ എന്ന് എനിക്കറിയില്ല. പക്ഷേ എങ്ങനെയോ മിടുക്കി എന്ന നമ്മുടെ വിളിയും, നമ്മുടെ പെൺകുഞ്ഞുങ്ങൾക്ക് ഭാരമായി കഴിഞ്ഞു. നാം പോകാൻ അനുവദിക്കുന്ന ഇടം വരെ, നാം അനുവദിക്കുന്ന ചുറ്റുപാടിൽ ഉയരങ്ങളിൽ പോകാനുള്ള സമ്മർദ്ദവും, അവിടെനിന്ന് നാം ആഗ്രഹിക്കുന്ന ഇടങ്ങളിലേക്ക് ഒതുക്കാനുള്ള നിർദ്ദേശങ്ങളും, സമൂഹത്തിൻറെ പ്രതീക്ഷകൾക്ക് അനുസരിച്ച് നമ്മുടെ മിടുക്ക് ഒതുങ്ങി ഇല്ലെങ്കിൽ അതിനുള്ള ശകാരം കേൾക്കാനുള്ള ബാധ്യസ്ഥതയും-   ഇതാണ് ഇന്ന് പല മിടുക്കികൾക്കും  സമൂഹം നൽകുന്നത്

 ഇതിൻറെ അർത്ഥം മിടുക്കികൾ എന്ന പെൺകുട്ടികളെ വിളിക്കുന്നതിന് ഞാൻ എതിരാണ് എന്നാണോ ? ഒരിക്കലുമല്ല, ഉന്നത വിദ്യാഭ്യാസം നേടി വീട്ടമ്മ ആകുവാനുള്ള അധികാരം ഒരു പെൺകുട്ടിക്ക് ഉണ്ട്, ഫെമിനിസ്റ്റ് ആയതുകൊണ്ട് അവൾക്കിഷ്ടമുള്ള രീതിയിൽ - ഒരു പക്ഷേ മേക്കപ്പ് ഇടാതെ നടക്കാനുള്ള അധികാരവും അവൾക്കുണ്ട്. മേൽപ്പറഞ്ഞവയൊക്കെ മേധാവിത്വത്തിന് ചട്ടക്കൂടിൽ ആകുന്നത് മിടുക്കി എന്നതിന്റെ ആവിഷ്കരണം രണ്ടാമതൊരാൾ നടത്തുമ്പോഴാണ്.  തങ്ങൾക്കു വേണ്ടി സ്വന്തമായി ചിത്രീകരിച്ച വഴിയാണ് എങ്കിൽ ഞാൻ മനസ്സ് തുറന്ന് ഓരോ പെൺകുട്ടിയെയും വിളിക്കും - മിടുക്കി എന്നു.

Comments

Post a Comment

Popular posts from this blog

AGED LOVE

Mother's Daughter

DEAD WOMAN'S PHONE NUMBER